Lorca 2 - ഉറക്കമില്ലാത്ത നഗരം
U Unnikrishnan Sivasankara Menon
0
Altın Yaprak
ഉറക്കമില്ലാത്ത നഗരം
ആകാശത്ത് ആരും ഉറങ്ങുന്നില്ല.
ഉറക്കമായില്ലാരും വാനത്തിൽ. ആരും, ആരും.
ഉറക്കമായില്ലാരുമേ.
ചാന്ദ്രജീവികൾ തങ്ങളുടെ ചെറുമുറികൾക്കുള്ളിൽ ഇരമണത്തുനടക്കുന്നു.
ജീവനോടെയുള്ള ഇഗ്വാനകൾ വന്ന് സ്വപനം കാണാത്ത മനുഷ്യരെ കടിക്കും
ഉദ്വേഗം കെട്ട് പുറത്തേയ്ക്കോടിയ മനുഷ്യൻ തെരുവുമൂലയിൽ
താരങ്ങളുടെ മൃദുപ്രതിഷേധത്തിനുകീഴിൽ ശാന്തനായിരിക്കുന്ന,
വിശ്വസിക്കാനാകാത്ത തരത്തിലുള്ള ഒരു മുതലയെ കാണും.
ഭൂമിയിൽ ആരും ഉറങ്ങുന്നില്ല.
ഉറക്കമായില്ലാരും. ആരും, ആരും.
ഉറക്കമായില്ലാരുമേ.
ദൂരെദൂരെ ഒരു ശവപ്പറമ്പിൽ ഉണ്ടൊരു മൃതദേഹം
തന്റെ കാൽമുട്ടിൽ ഇരുന്ന ഒരു വരണ്ട ഗ്രാമ്യദേശം മൂലം
പോയ മൂന്ന് വർഷങ്ങളായി ഞരങ്ങിക്കൊണ്ടേയിരുന്നുവത്;
തന്നെയുമല്ല, ഇന്നു രാവിലെ അവർ മറവുചെയ്ത ആ ആൺകുട്ടി
വല്ലാതെ കരഞ്ഞുകൊണ്ടിരുന്നതിനാൽ
അവന്റെ കരച്ചിൽ നിറുത്തുവാൻ
അവർക്ക് നായ്ക്കളെ വിളിക്കേണ്ടിവന്നു.
ജീവിതം ഒരു കിനാവല്ലല്ലോ. ശ്രദ്ധിക്കൂ! ശ്രദ്ധിക്കൂ! ശ്രദ്ധിക്കൂ!
നാം ഏണിപ്പടിയിൽ നിന്ന് താഴെ വീണ് നനഞ്ഞ മണ്ണു തിന്നുന്നു
അല്ലെങ്കിൽ മരിച്ച ഡാലിയപ്പൂക്കളുടെ ശബ്ദവുമായി
മഞ്ഞിന്റെ കത്തിമുനയിൽ കയറുന്നു.
എന്നാൽ മറവി നിലനിൽക്കുന്നില്ല, സ്വപ്നങ്ങളും നിലനിൽക്കുന്നില്ല;
നിലനിൽക്കുന്നത് മാംസമാണ്. ചുംബനങ്ങൾ നമ്മുടെ വായ്ക്കളെ
പുതുസിരകളുടെ കുറ്റിക്കാട്ടിൽ കെട്ടിയിടുന്നു.
അവന്റെ വേദന ആരെയെല്ലാം വേദനിപ്പിക്കുന്നുവോ, അവരുടെ വേദന എന്നേയ്ക്കുമുള്ളതാണ്,
എന്നുമല്ല, മരണത്തെ ഭയക്കുന്നവരെല്ലാം അതു തങ്ങളുടെ ചുമലുകളിൽ ചുമക്കുകയും ചെയ്യും.
ഒരുനാൾ കുതിരകൾ സലൂണുകളിലാകും താമസിക്കുക
കോപിഷ്ടരായ ഉറുമ്പുകൾ പശുക്കളുടെ കണ്ണുകളിൽ അഭയം തേടിയ
മഞ്ഞവാനത്തേയ്ക്ക് സ്വയമെറിഞ്ഞുകളയും.
ഇനിയൊരുനാൾ
ഭദ്രമായി സൂക്ഷിച്ചിരുന്ന പൂമ്പാറ്റ
മരണത്തിൽനിന്ന് ഉയിർക്കുന്നത് നാം നോക്കിക്കാണും.
നരച്ച സ്പോഞ്ചുകളും നിശ്ശബ്ദനൗകകളുമുള്ള ഒരു രാജ്യത്തൂടെ നടക്കവേ
നമ്മുടെ മോതിരം പ്രകാശിക്കുന്നതും
നമ്മുടെ നാവിൽനിന്ന് പനിനീർപ്പൂക്കൾ വിടരുന്നതും നാം കാണും.
ജാഗ്രത! ജാഗ്രതയോടെയിരിക്കൂ! ജാഗ്രതയോടെ!
മാർജ്ജാരനഖപ്പാടുകളും കൊടുങ്കാറ്റിന്റെ അടയാളങ്ങളും ഇപ്പോഴും പേറുന്ന പുരുഷന്മാരും
പാലം കണ്ടുപിടിക്കപ്പെട്ടതുപോലും കേട്ടിട്ടില്ലാത്തതിനാൽ കേഴുന്ന ആ ആൺകുട്ടിയും
അതല്ലെങ്കിൽ ഇപ്പോൾ തന്റെ ശിരസ്സും ഒരു പാദരക്ഷയും മാത്രമായ ആ മൃതവ്യക്തിയോ
നമുക്ക് ഇവരെയെല്ലാം ഇഗ്വാനകളും സർപ്പങ്ങളും കാത്തിരിക്കുന്ന
കരടിയുടെ ദന്തങ്ങൾ കാത്തിരിക്കുന്ന
ആ ആൺകുട്ടിയുടെ മമ്മിയാക്കപ്പെട്ട കൈ കാത്തിരിക്കുന്ന
ഹിംസ്രനീലമായ ഞെട്ടലോടെ ഒട്ടകരോമം രോമാഞ്ചത്തോടെ എഴുന്നുനില്ക്കുന്നതുമായ
ആ ചുമരിലേക്ക് എടുത്തുകൊണ്ടുപോകേണ്ടതുണ്ട്.
ആകാശത്ത് ആരും ഉറങ്ങുന്നില്ല.
ഉറക്കമായില്ലാരും വാനത്തിൽ. ആരും, ആരും.
ഉറക്കമായില്ലാരുമേ.
ആരെങ്കിലും മിഴിയൊന്നു ചിമ്മിയാൽ
ചാട്ടയടി, കുട്ടികളേ, ചാട്ടയടി!
മിഴിച്ച കണ്ണുകളും കയ്ക്കുന്ന മുറിവുകളും എരിക്കുന്ന ഒരു ഭൂഭാഗമുണ്ടാകട്ടെ.
ഈ ലോകത്ത് ആരും ഉറങ്ങുന്നില്ല, ആരും, ആരും.
ഞാനത് മുമ്പേ പറഞ്ഞല്ലോ.
ആരും ഉറങ്ങുന്നില്ല.
എന്നാൽ ആരുടെയെങ്കിലും പുരികത്തിനുമേലെ
രാവിൽ വളരെയേറെ പൂപ്പൽ വളരുകയാണെങ്കിൽ
പാനപാത്രങ്ങളും കാളകൂടവും നാടകശാലയുടെ തലയോടും കിടക്കുന്നത്
അയാൾക്ക് നിറനിലാവിൽ കാണുന്നതിന്
സ്റ്റേജിന്റെ വാതായനങ്ങൾ തുറന്നേക്കുക
Bu şiiri puanla
Henüz puan verilmemiş