Sara Teasdale 17 - വസന്തത്തിലെ മഴ
U Unnikrishnan Sivasankara Menon
0
Altın Yaprak
(A Malayalam Translation of the poem 'Spring Rain' by Sara Teasdale)
വസന്തത്തിലെ മഴ
മറന്നുപോയെന്നു ഞാൻ കരുതിയതാ-
ണതെല്ലാം തിരിച്ചുവന്നിരിക്കുന്നൂ പക്ഷേ,
ഇന്നീ രാവിൽ ഇരച്ചുവന്ന മഴയിൽ
വസന്തത്തിലെ ആദ്യഇടിമുഴക്കത്തോടെ.
ഓർമ്മയുണ്ടെനിക്ക് വീശിയടിക്കും കൊടുങ്കാറ്റിൽനിന്ന്
രക്ഷ തേടി നാം കയറിനിന്ന ഇരുണ്ടൊരാക്കവാടം,
ഇടിമുഴക്കം ഭൂമിയെ പിടിച്ചുകുലുക്കുകയും
മിന്നൽപ്പിണരുകൾ ആകാശത്തിഴയുകയുമായിരുന്നു.
മഴയിലൊരു പുഴയായ്മാറിയ തെരുവിലൂടെ പോകവേ
മോട്ടോർബസുകൾ ആടിയുലഞ്ഞുകൊണ്ട്
വഴിവിളക്കുവെളിച്ചത്തിൽ സുവർണ്ണക്കറപൂണ്ട
കുഞ്ഞുതിരകളിൽ അടിച്ചുകയറിക്കൊണ്ടിരുന്നു.
വന്യമാം വസന്തവർഷത്തിലും ഇടിമുഴക്കത്തിലും
വന്യമായ്, ഹർഷപുളകിതമായെൻ ഹൃദയം,
ആ രാവിൽ നിന്നധരങ്ങൾക്ക് പറയാവുന്നതി-
ലെത്രയേറെ നിൻ നയനങ്ങളെന്നോടു ചൊല്ലി.
മറന്നുപോയെന്നു ഞാൻ കരുതിയതാ-
ണതെല്ലാം തിരിച്ചുവന്നിരിക്കുന്നൂ പക്ഷേ,
ഇന്നീ രാവിൽ ഇരച്ചുവന്ന മഴയിൽ
വസന്തത്തിലെ ആദ്യഇടിമുഴക്കത്തോടെ.
Bu şiiri puanla
Henüz puan verilmemiş